തേഞ്ഞുതീരാറായ സോപ്പിനോട് പറഞ്ഞു:
പുതുതായൊന്നു വാങ്ങുന്നില്ല.
മുറി വിട്ടുപോവുകയാണു ഞാന്‍.
അന്നു രാത്രി
അനാഥമായ ഇരുട്ടില്‍,മരിച്ച മഞ്ഞില്‍
സോപ്പിനെ
അരിവാളമ്പിളിയായി മാനത്തുകണ്ടു.
അലമാരയുടെ മൂലയില്‍
പതുങ്ങിനിന്ന മുഴുത്ത കൂറകളോടുപറഞ്ഞു:
ഇനി നിങ്ങളെ ഉപദ്രവിക്കില്ല.
മുറിവിട്ടുപോവുകയാണു ഞാന്‍.
പകല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍
അതിനെ ഈത്തപ്പഴമായി കണ്ടു.
പൊട്ടിപ്പോയ ചൂലിനോടു പറഞ്ഞു:
നിന്നെ ഞാന്‍ പാഴ്വസ്തുവിലിടുന്നില്ല.
പൊരിവെയിലില്‍
യാചകര്‍ക്കു നടുവിലിരുന്ന്
മുട്ടുവരെ മുറിച്ച കൈയായി
അതു ഭിക്ഷ ചോദിച്ചു.
എഴുതിയുദാസീനമാക്കിയ
കവിതകളുടെ തുണ്ടുകളോടും
പറഞ്ഞു,പോയ്ക്കൊള്ളാന്‍.
കുപ്പിയില്‍ ബാക്കിവന്ന വെളിച്ചെണ്ണ
ഇടനാഴിയില്‍
ചതിയില്‍ വഴുതി വീഴ്ത്താന്‍ മറിഞ്ഞുനിന്നു.
എന്തോ ഓര്‍ത്ത്
വാതില്‍ വിങ്ങിയടക്കുമ്പോള്‍
മുറിയില്‍ മറന്നതെന്തോ
പിറകില്‍ തെറിവിളിച്ചു.
ഉപേക്ഷിച്ച പഴയ കുപ്പായത്തെയും കണ്ടു.
തെരുവില്‍ ലോറി കഴുകുന്നു.
ഒടുവില്‍
സിബ്ബ് പൊട്ടിപ്പോയ ബാഗും വന്നു ചേര്‍ന്നു.
അസംബന്ധത്തിന്റെ വായുംപൊളിച്ച്
ഇരുകൈയും നീട്ടി
ഒന്നാന്തരമൊരു ഖബര്‍.
നിന്നോട് മാത്രം
യാത്ര ചോദിക്കുന്നില്ല.
എത്ര ഉപേക്ഷിച്ചാലും
അതേ രൂപത്തില്‍
വന്നു നില്ക്കുന്നു നീ.
Friday, April 18, 2008
Subscribe to:
Post Comments (Atom)
7 comments:
താങ്കള്‍ ഇവിടെ ഈ ബ്ലോഗ്ഗ ലോകത്ത് ഉണ്ട് എന്നറിഞ്ഞിരുന്നു. കണ്ടു പിടിക്കാന്‍ ഇന്നെ സാധിച്ചുള്ളൂ.. കണ്ടതില്‍ സന്തോഷം. ഇനിയും വരാം ഇതു വഴിയൊക്കെ..
ഉപേക്ഷിച്ച പഴയ കുപ്പായത്തെയും കണ്ടു.
തെരുവില്‍ ലോറി കഴുകുന്നു.
ഒടുവില്‍
സിബ്ബ് പൊട്ടിപ്പോയ ബാഗും വന്നു ചേര്‍ന്നു.
അസംബന്ധത്തിന്റെ വായുംപൊളിച്ച്
ഇരുകൈയും നീട്ടി
ഒന്നാന്തരമൊരു ഖബര്‍.
:)
തീവ്രമായ എഴുത്ത്
ആശംസകള്‍...
ഷിഹാബിന്റെ കഥകള്‍ വായിക്കാനാണെനിക്കിഷ്ടം.
ഇഷ്ടപ്പെട്ടു, :)
അഭിനന്ദനങ്ങള്‍ മാഷേ.
2007 ലെ കേരള സാഹിത്യ അക്കാഡമി അവര്‍ഡ് ലഭിച്ച പ്രിയ കഥാകാരന്, ഹൃദയം നിറഞ്ഞ ആശംസകള്‍
Post a Comment