Thursday, May 22, 2008

ഉള്ളം

കണ്ണാടിയിലെ
സ്വന്തം പ്രതിബിംബത്തെ
കൊത്തിയുടക്കാൻ ശ്രമിക്കുന്ന
കാക്കയെപ്പോലെ
ഞാൻ എന്നെ തന്നെ
എത്ര ആക്രമിച്ചിട്ടും

കടലിലേക്ക്‌ നീണ്ടു നീണ്ടെവിടെയോ
അവസാനിച്ച
എന്റെ കണ്ണുകളെ തിരികെ വിളിച്ചിട്ടും
ആവർത്തിച്ച്‌ മുത്തശ്ശിയായിപ്പോയ
എന്റ കവിതയുടെ താളം
എന്നെ എത്ര പുലഭ്യം പറഞ്ഞിട്ടും

ജന്മത്തിന്റെ വെടിയുണ്ടയിൽ
തെറിച്ച്‌ പോയ
എന്റെ ശരീരത്തെ
ചേർത്ത്‌ വെച്ചു ജീവനൂതാൻ
നീ എന്തിനാണ്‌
ഇങ്ങിനെ നിലവിളിക്കുന്നത്‌

Thursday, May 15, 2008

സ്വപ്ന സന്നിഭം

തിരയടിക്കുന്ന കടൽ പറയുമോ,അത്‌?
മുളപൊട്ടും വിത്ത്‌ പറയുമോ?
വിങ്ങുന്ന നെഞ്ചോ
കാത്തിരിപ്പിന്റെ തീക്കട്ടയോ
അത്‌ പറയുമോ?
കടലാസിൽ സൂക്ഷിച്ച നിന്റെ മുടിനാരോ,
നിന്നെ ഉമ്മവെക്കും മണമോ
നിന്റെ ഭാരം താങ്ങും ഉപ്പൂറ്റിയോ
അത്‌ പറയുമോ?
ഞാനോടിയെത്തുമ്പോഴെക്കും
നീ കൊയ്ത്ത്‌ കഴിഞ്ഞ പാടം
മൽസ്യമില്ലാത്ത പുഴ
കടലിന്റെ വെറും ഒരു അവയവം മാത്രം

എന്റെ ചതുര മുറി
ഞാൻ ഒരു കാടായി സങ്കൽപിക്കുന്നു.
പൈപ്പു വെള്ളം കുളിരരുവി
തുരുമ്പിച്ച ഫാനിന്റെ കാറ്റ്‌ കാട്ടുപാട്ട്‌
രണ്ട്‌ സ്വിച്ചുകളിലൊന്ന്‌ സൂര്യൻ
മറ്റൊന്ന്‌ ചന്ദ്രൻ
വഴിമുട്ടിയ വെളുത്തചുമരെന്റെ
ആകാശം
ജന്മത്തിന്റെ വാതിൽ തുറന്ന്‌
നീ വരുമ്പോൾ
എന്റെ കാട്‌ പൂക്കുന്നു
കാട്ടു തേനുണരുന്നു.

Thursday, May 8, 2008

എവിടെയാണു നീ?

ചുമരുകൾ
എന്നെ പ്രണയിക്കുമ്പോൾ
ഞാൻ കുററവാളി.
കരിങ്കൽപ്പാറകളിൽ
പൊൻ വിത്തെറിയുന്ന
ഭ്രാന്തനായ കർഷകൻ.
ആ വെയ്സ്റ്റ്‌ ബോക്സെവിടെ?
എന്നെ കെടുത്തിക്കളയാനുളള.

ഷൈലോക്കിനെ സ്നേഹിച്ച
ബുദ്ധിശൂന്യൻ ഞാൻ.
ഒരു കൈ.
ഒരു കാൽ.
ഒരു കണ്ണ്‌
ഓരോ തവണയും ഞാനയാൾക്കു
അരിഞ്ഞു കൊടുത്തു.
പാതി ബാക്കിയായ
എന്റെ അവയവങ്ങൾ
ദൈവത്തിലേക്കു കത്തിച്ചുവച്ച
ഒരു കെട്ട്‌ ചന്ദനത്തിരിപോലെ
പ്രാണവേദനയാൽ എരിയുന്നു.

എന്റെ യഥാർത്ഥ ഇണ
ഈ ഭൂമിയിൽ എവിടെയാവും?
അത്‌ നിന്നിൽത്തന്നെയാവുമോ?

Friday, May 2, 2008

അന്ന്

ജീവനില്‍ സ്നേഹമൂതിത്തന്ന
മുത്തശ്ശിയെ കാണും
പൊന്നോമല്‍ ഉടപ്പിറപ്പിനെ കണ്ട്‌
ഓടിച്ചെന്ന്‌ കെട്ടിപ്പുണരും
പിന്‍കഴുത്തില്‍ തലോടും
കൊച്ചനിയത്തി വയറുനിറച്ചുണ്ട്‌
ഊഞ്ഞാലാടുന്നതു കാണും
പൂച്ചക്കണ്ണുമായവള്‍, ലജ്ജയോടെ സന്തോഷം വിങ്ങിപ്പൊട്ടി
ഓടിവരും
ജ്യേഷ്ഠന്‍ ചേര്‍ത്തു പിടിക്കും
ഉമ്മാമ കുട ചെരിച്ചു പിടിച്ച്‌
കാണാന്‍ വരും
മരുമകന്‍ കുഞ്ഞുസൈക്കിളില്‍ നിന്നിറങ്ങും
കുട്ടിക്കാലത്ത്‌ എന്നോടൊപ്പമുണ്ടായിരുന്ന
ആമിനപ്പൂച്ചയും എങ്ങുനിന്നെന്നില്ലാതെ
ഓടിയെത്തും
വഴിയരികില്‍ പൂ തന്ന ചെമ്പരത്തിച്ചെടിയും
കാണാന്‍ തളിര്‍ക്കാതിരിക്കില്ല
നീന്തല്‍ പഠിപ്പിച്ച
പുഴ വരും
ഉള്ളംകാലൈന്‍ ഇക്കിളിയിട്ട
കൊയ്ത്തു കഴിഞ്ഞ പാടം വരും
മാഷ്‌ വരും, ബഷീറിനെ കാണും, ഷെല്‍വിയെ അന്വേഷിക്കും
വാന്‍ഗോഖിനെ നോക്കി കൈവീശും
ഭൂമി എത്ര കൊള്ളരുതാത്തതാണെന്നു പറയും
എങ്കിലും അവിടത്തെ വിശേഷങ്ങള്‍ ചോദിക്കും
കൂടെയുള്ള പെണ്‍കുട്ടിയെപ്പറ്റി
ലൈലാമജ്നു തിരക്കും