Tuesday, July 29, 2008

അനാഥം

എത്ര ശ്രമിച്ചിട്ടും പിന്തുടരാന്‍ കഴിയാത്ത
എന്റെ ആത്മാവ്‌
നീ പോയടച്ച വാതിലില്‍ ഇറുങ്ങിപ്പിടയുന്നു
നല്‍കുവാന്‍ കഴിയാത്ത ഉമ്മകള്‍
ചവടുകൊട്ടയില്‍ കണ്ണീരോപ്പുന്നു
പറയാന്‍ കഴിയാത്ത വാക്കുകള്‍
റെയില്‍പ്പാളത്തില്‍ ഉപേക്ഷിക്കപ്പെടുന്നു
ഈ രാത്രിയും
നിറനിലാവും
മറ്റാരുടേയുമാണ്‌
എന്നിലേക്കുതന്നെ തിരിച്ചുവരുന്ന
ചൂടുള്ള ഉച്ഛ്വാസങ്ങള്‍
കനല്‍ക്കട്ടയായി എന്റെ ശിരസ്സിനെ തിന്നുന്നു
ബധിരന്മാരുടെ രാജ്യത്തെ
കാല്‍പനിക ഗാനം പോലെ
അത്‌ അനാഥമായി ചുറ്റിത്തിരിയുന്നു

Thursday, July 17, 2008

നിന്റെ കരുത്ത്‌

ദുർബ്ബലയെങ്കിലും
എന്തു കരുത്താണു നിനക്ക്‌
ചെറുതെങ്കിലും
എത്ര വലുതാണു നീ
ചൂണ്ടുവിരൽ കത്തിച്ച്‌
നീ ഉണ്ടാക്കിയ സൂര്യൻ
മരമണത്തിന്റെ ഇരുട്ടിനെ അകറ്റി
സ്വയം ചെടിയായി മാറി
പൂക്കളെന്തെന്നു കാട്ടി
ഭൂമിയായി മലർന്നു കിടന്ന്‌
മണ്ണിനടിയിൽ നദിയൊഴുകുന്ന
ഒച്ച കേൾപ്പിച്ചു

ചോരയിൽ ചിനയ്ക്കുന്ന കുതിരകളെ
കവിതയുടെ ലാവണത്തിൽ
കെട്ടിയിട്ടു
ഭ്രാന്തിന്റെ മരുഭൂമിയ്ക്ക്‌
ഇല്ലാത്ത താമര നൽകി