Thursday, January 31, 2008

വേനല്‍ച്ചെടി

വെനലെറ്റ് ഉണങ്ങാറായ
ഒരു ചെടി
കാറ്റിനിരമ്പം കേട്ടു
തളര്‍ന്ന കണ്ണു തുറന്നു
എവിടെയോ പെയ്ത മഴയുടെ
ഗന്ധത്തില്‍ ഉന്മാദിയായി
ജലഗര്‍ഭിണിയായ മേഘം
പ്രേമപൂര്‍വം അതിനെ നോക്കി
സ്ഥിത സ്നേഹിയായി
കാറ്റിനു നേരെ ആവുന്നത്ര
പിടിച്ചു നിന്നു
എന്നിട്ടും
നിഴലടയാളം കൊണ്ടു
ഒന്നു മൂടിത്തലോടാനേ
മേഘത്തിനായുള്ളൂ.
അവള്‍ പറഞ്ഞു :
സങ്കടപ്പെടേണ്ട,
ഞാന്‍ മലമുകളില്‍ പെയ്ത്
നിന്നെത്തേടി വരും.
മരിക്കാതെ പിടിച്ചു നില്‍ക്കുക.

Friday, January 25, 2008

നമുക്കിടയില്‍

നേര്‍ത്ത
ഒരരുവി
എന്നിട്ടും
നടുവില്‍
ഒരു കടലലറുന്നു.

ചെറിയൊരു
മണ്‍‌കൂന
എന്നിട്ടും
ഒരു മഹാപര്‍വതം

നമുക്കിടയില്‍
അലറിപ്പൊളിക്കുന്ന
ഒരു ഹൃദയം
പ്രകൃതിയോടു ചോദിച്ചതിനൊന്നും
മറുപടി തന്നില്ല

വാക്കുകള്‍ പുറത്തുവരാതെ
ഒരു കള്ളനെപ്പോലെ
പിറുപിറുത്തു
അത്രതന്നെ.

Thursday, January 17, 2008

നടത്തം

രണ്ടു കവിതകള്‍
ഭൂമിയുടെ അതിരില്‍ നിന്നും
പ്രപഞ്ചരഹസ്യത്തിലേയ്ക്ക്
കാലുകള്‍ വച്ചു
ഒരിക്കലും വേര്‍പിരിയരുതേയെന്ന്
സൂര്യന്‍ പ്രാര്‍ത്ഥിച്ചു

Friday, January 11, 2008

സ്നാനം

ഏതു ജലത്തില്‍ കുളിച്ചാലും
നിന്റെയുടലില്‍ പാഞ്ഞുച്ചെല്ലുന്നതെന്റെ കുതിപ്പ്
മേല്‍ച്ചുണ്ടിലെ മൃദുരോമത്തില്
പറ്റിപ്പിടിച്ചു നില്‍ക്കുന്നതെന്റെ തണുപ്പ്
മുലക്കണ്ണില്‍ എന്തോ ഓര്‍ത്ത് ഖേദപ്പെട്ട്
പിന്നെ തിരിച്ചുപോയ തുള്ളി
എന്റെ കുഞ്ഞ്
ഉടല്‍മടക്കില്‍ ഒളിച്ചിരിക്കുന്നതെന്റെ
ഗൂഢമന്ദഹാസം
നീ ശ്വസിച്ചപ്പോള്‍ അബദ്ധത്തില്‍
പൊക്കിള്‍ക്കൊടിയില്‍ നിന്നൊലിച്ചുപോയ തുള്ളി
എന്റെ കാല്‍‌വിരലീമ്പും കുട്ടിക്കാലം
നീ തേച്ച സോപ്പിനെപ്പോലും സഹിക്കാതെ
ദൂരേയ്ക്കു പായിക്കും എന്റെ സ്നേഹഗാഢമാം ജലരൂപങ്ങള്‍
നിന്നില്‍ നിന്നും പോവാതെ-
ഒട്ടിപ്പിടിച്ച ജലകണങ്ങള്‍
എന്റെ വേര്‍പിരിയും വേദന.
എത്രതോര്‍ത്തിയിട്ടും മുടിയില്‍ നിന്നും
വീണ്ടുമിറ്റുന്നത് കണ്ണീര്‍ക്കണങ്ങള്‍
പുറത്താക്കപ്പെട്ട എന്റെ അവസാനത്തെ
സ്നാനപ്രവേശങ്ങള്‍
എത്രയൊപ്പിയെടുത്താലും
പിന്നെയും ബാക്കിനില്‍ക്കുന്ന
എണ്ണത്തൊലിയിലെ നനവുകള്‍
കാലാതിയായ കവിതകള്‍

Saturday, January 5, 2008

വാക്കുകളും കടന്ന്

വാക്കുകള്‍ ശ്വസിച്ച്
കുഞ്ഞായി നുണഞ്ഞ്
കുതിരയായി വളരണം
നിന്റെരാജ്യത്തേയ്ക്ക്

കണ്ണുകള്‍ നിറങ്ങളെ തിന്ന്
ഇടയ്ക്കു താഴ്വാരങ്ങളില്‍ വിശ്രമിച്ച്
ചുഴലികളായി ചുറ്റി തിരിയണം,
ഖരസമുദ്രങ്ങളില്‍

സ്നേഹത്തിന്‍ തടാകത്തില്‍ കുളിക്കണം
മഴ പൊടിഞ്ഞുറങ്ങണം
നീ പുളഞ്ഞ കമ്പനങ്ങളില്‍
നിത്യസൂര്യനാകണം
പരസ്പരം വാരിക്കൊടുത്ത്
നമ്മളില്ലാതാവണം
ഭൂമിയില്‍ പിറന്ന സ്വപ്നതാരകം
തിരിച്ചു പോകാന്‍ മടിക്കണം

Tuesday, January 1, 2008

കാരണങ്ങള്‍

കാരണങ്ങള്‍ ഈ ഭൂമിയിലില്ലായിരുന്നെങ്കില്‍
നീ എപ്പോഴും
കൂടെയുണ്ടായേനെ
കാരണം നിന്നെ പിടിച്ചു വെച്ചില്ലെങ്കില്‍
നീ എത്രയും പെട്ടെന്ന് വന്നേനെ
നീയെന്നെ മുകര്‍ന്നേനെ
ആ പൂവ് പറിച്ചേനെ
ഈ പഴം തിന്നേനെ
കാരണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
നമ്മള്‍ വസന്തത്തിലൂടെ വിടര്‍ന്നേനെ
മേഘങ്ങളില്‍ വീടു വച്ചേനെ
കാട്ടില്‍ പോയി കുളിച്ചേനെ
അത് ഇല്ലായിരുന്നെങ്കില്‍
നിന്റെ കുഞ്ഞായി പിറന്നേനെ
മുലയുണ്ടു വളര്‍ന്നേനെ

ഭൂമിയിലെ എല്ലാ കാരണങ്ങളും
നമുക്കെതിരെ നില്‍ക്കുമ്പോള്‍
എന്റെ കവിത
മൃതദേഹങ്ങളുടെ കൂട്ടുകാരന്‍