Tuesday, April 1, 2008

തുന്നിക്കെട്ടിയവയോട്

ഇത്ര മുറുക്കികെട്ടിയാല്‍
പൊട്ടിപ്പോകും,തുളവീഴും
ഇത്രയമര്‍ത്തിയടച്ചാല്‍
മുറിയാകെയുലയും,പേടിച്ചുപോകും.
ഇടയ്ക്ക്‌
ചുണ്ടുകള്‍ തൂവിപ്പോകുമ്പോഴേക്കും
കാതില്‍ വെച്ചുതരുമോ?
ഇത്ര ചവിട്ടിപ്പിടിച്ചാല്‍
ഭൂമി പിളരും.
ഇടയ്ക്കു ചേര്‍ത്തുവെച്ച്‌
പകരുമോ,നീ, ഹൃദയത്തിന്‍ സമ്മര്‍ദ്ദ വേഗങ്ങള്‍.
ഇതുപോലെ തനിച്ചിരുന്നാല്‍
രാത്രിയാല്‍ മൂടിപോകും
പകലെല്ലാം മരുപ്പറമ്പാവും
നിന്നില്‍ മാത്രം സംഭവിച്ചു നിന്നാല്‍
ഞാനില്ലാതാവും.
വാക്കുകളടഞ്ഞു നീ
കവിതയിലകപ്പെട്ടു പോകും.
ഇടയ്ക്കു കൈത്തലമെങ്കിലും
ചുമലില്‍ വെക്കുമോ?
മറ്റെല്ലാം നിഷേധിച്ചാലും
അതുമാത്രമരുത്‌.
മറ്റെല്ലാം തന്നിട്ടും
അതുമാത്രമില്ലാതെ വേണ്ട.
ഇത്ര നിറഞ്ഞുനിന്നാല്‍
തുളുമ്പാന്‍ പോലും മറന്നുപോകും.
വക്കിലള്ളിപ്പിടിച്ച
ഒറ്റക്കുമിളക്കണ്ണായിപ്പോകും.
തുന്നിയടച്ച
ഇന്ദ്രിയങ്ങളെ തുറന്നോളാം.
പുണരുമ്പോഴേന്നെച്ചുറ്റി
വരിഞ്ഞേക്കണം,
ചുരുട്ടിയ മുഷ്ടികള്‍
നിവര്‍ത്തിയേക്കണം.

5 comments:

നസീര്‍ കടിക്കാട്‌ said...

എന്റിഷ്ടാ...

Unknown said...

ഷിഹാബ്‌, മാതൃഭൂമിയിലെ പുതിയ കഥ അസ്സലായി. കണ്ണീരോടെയാണ്‌ വായിച്ചു തീര്‍ത്തത്‌.
അഭിനന്ദനങ്ങള്‍.

Rare Rose said...

ഇത്ര നിറഞ്ഞുനിന്നാല്‍
തുളുമ്പാന്‍ പോലും മറന്നുപോകും..
മനോഹരമായ വരികള്‍ ....സങ്കീര്‍ണ്ണതയുടെ കെട്ടുപാടുകളില്ലാത്ത എത്ര ലളിതമായ വരികള്‍..
നന്നായിരിക്കുന്നു മാഷേ..കവിത ഇനിയും നിറഞ്ഞുതുളമ്പട്ടെ..

കടവന്‍ said...

ശിഹാബുദ്ദീനെ, പൂര്‍ണ്ണമായും കവിതാരംഗത്തോട്ട് തിരിഞ്ഞോ? സൌദീല്‍ വന്നെപ്പിന്നെ വായന കുറഞ്ഞു താല്പര്യക്കുറവല്ല, അവസരക്കുറവ്.

സുബൈര്‍കുരുവമ്പലം said...

മനോഹരമായ വരികള്‍ ...