Sunday, April 27, 2008

സ്നേഹമേ

ഈ ലോകം മുഴുവന്‍
നീ നിറഞ്ഞുനിന്നാല്‍
ഞാന്‍ വിഷമിക്കും സ്നേഹമേ.
ആ പൂവില്‍
ഈ വിരിപ്പില്‍
മുഖം വെച്ചുകിടക്കും തലയിണയില്‍
മൃഗശാലയിലെ കലമാനില്‍
അരുവിക്കടിയില്‍ തെളിയുന്ന
ഉരുളന്‍ ശോഭയില്‍
സുഗന്ധദ്രവ്യങ്ങളില്‍
ആഴമുളള തെളിനീര്‍ക്കിണറ്റില്‍
മരുഭൂമിയിലെ പൗര്‍ണമിയില്‍
തേന്‍മുക്കിത്തിന്നും പലഹാരങ്ങളില്‍
ആകാശപ്പൊതിയില്‍
ഭൂപാത്രത്തില്‍
പൊട്ടക്കണ്ണന്‍ സൗരയൂഥത്തില്‍
എല്ലായിടവും നീയുളളതിനാല്‍
നിന്റെ സ്നേഹത്തിന്റെ ബാധ്യത
തെമ്മാടിയെപ്പോലെ

എന്നെ ഞെരുക്കുന്നു.
നീയാണെങ്കില്‍ എപ്പോഴും ആള്‍ക്കൂട്ടവും

Tuesday, April 22, 2008

വീണപൂവ്‌

രണ്ടു ജലരാശികള്‍
വീണു സന്ധിക്കുന്നേടത്ത്‌
നിരുപാധികം പിറന്ന
ഒരു കുമിള.
ആകാശം അതില്‍
മുഖം നോക്കി.
ഒഴുക്കിനോടത്‌
സ്വപ്നം പറഞ്ഞു.
എവിടെ വെച്ച്‌
എപ്പോള്‍
എന്നിങ്ങനെ
ചോദ്യങ്ങളെ മാത്രം
അതു നിരാകരിച്ചു.
വഴി വക്കില്‍ നീട്ടിയ
പൂക്കളോടത്‌
ഉത്സാഹം കൊണ്ടു.
ഉണങ്ങിപ്പോയ വൃക്ഷങ്ങളെ
കണ്ടില്ലെന്നു നടിച്ചു.
ഇടയ്ക്കു വന്നെത്തി
ഒരു വീണപൂവും.
കവിതയെന്ന്‌
അതിന്റെ പേര്‌

Friday, April 18, 2008

മുറിവിട്ടുപോകുമ്പോള്‍

തേഞ്ഞുതീരാറായ സോപ്പിനോട്‌ പറഞ്ഞു:
പുതുതായൊന്നു വാങ്ങുന്നില്ല.
മുറി വിട്ടുപോവുകയാണു ഞാന്‍.
അന്നു രാത്രി
അനാഥമായ ഇരുട്ടില്‍,മരിച്ച മഞ്ഞില്‍
സോപ്പിനെ
അരിവാളമ്പിളിയായി മാനത്തുകണ്ടു.

അലമാരയുടെ മൂലയില്‍
പതുങ്ങിനിന്ന മുഴുത്ത കൂറകളോടുപറഞ്ഞു:
ഇനി നിങ്ങളെ ഉപദ്രവിക്കില്ല.
മുറിവിട്ടുപോവുകയാണു ഞാന്‍.
പകല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍
അതിനെ ഈത്തപ്പഴമായി കണ്ടു.

പൊട്ടിപ്പോയ ചൂലിനോടു പറഞ്ഞു:
നിന്നെ ഞാന്‍ പാഴ്‌വസ്തുവിലിടുന്നില്ല.
പൊരിവെയിലില്‍
യാചകര്‍ക്കു നടുവിലിരുന്ന്‌
മുട്ടുവരെ മുറിച്ച കൈയായി
അതു ഭിക്ഷ ചോദിച്ചു.
എഴുതിയുദാസീനമാക്കിയ
കവിതകളുടെ തുണ്ടുകളോടും
പറഞ്ഞു,പോയ്ക്കൊള്ളാന്‍.
കുപ്പിയില്‍ ബാക്കിവന്ന വെളിച്ചെണ്ണ
ഇടനാഴിയില്‍
ചതിയില്‍ വഴുതി വീഴ്ത്താന്‍ മറിഞ്ഞുനിന്നു.

എന്തോ ഓര്‍ത്ത്‌
വാതില്‍ വിങ്ങിയടക്കുമ്പോള്‍
മുറിയില്‍ മറന്നതെന്തോ
പിറകില്‍ തെറിവിളിച്ചു.

ഉപേക്ഷിച്ച പഴയ കുപ്പായത്തെയും കണ്ടു.
തെരുവില്‍ ലോറി കഴുകുന്നു.
ഒടുവില്‍
സിബ്ബ്‌ പൊട്ടിപ്പോയ ബാഗും വന്നു ചേര്‍ന്നു.
അസംബന്ധത്തിന്റെ വായുംപൊളിച്ച്‌
ഇരുകൈയും നീട്ടി
ഒന്നാന്തരമൊരു ഖബര്‍.

നിന്നോട്‌ മാത്രം
യാത്ര ചോദിക്കുന്നില്ല.
എത്ര ഉപേക്ഷിച്ചാലും
അതേ രൂപത്തില്‍
വന്നു നില്‍ക്കുന്നു നീ.

Saturday, April 12, 2008

നിന്റെ കൂടെ

പുഴയില്‍
നാം യാത്ര ചെയ്തതോണി
അക്കരെയെത്തിയില്ല.
വിപരീത ദിശയില്‍
കാറ്റുണ്ടായിരുന്നു.
വെള്ളം കലങ്ങി
മീനുകള്‍ ശ്വാസം മുട്ടിയിരുന്നു.
മഴപെയ്തു രണ്ടു കരകളും
മൂടിപ്പോയിരുന്നു.
എങ്ങോട്ടെന്നില്ലാതെ
നമ്മള്‍ പകച്ചുപോയിരുന്നു.
എന്നിട്ടും
നിന്റെ ചുണ്ടുകള്‍ ചുവന്നു.
എന്റെ കണ്ണുകള്‍ ചിരിച്ചു.

ഈ തോണി
എങ്ങോട്ടു പോയാലും
നീ ചിരിക്കാത്ത വന്‍കരകളിലൊക്കെ
എന്റെ
ഏകാന്തത പൂത്തിരിക്കും

Saturday, April 5, 2008

എന്റെ ഉദ്യാനം

മൊട്ടു വിരിയുന്നതിനെ
ആരാണിങ്ങനെ കെട്ടിവരിയുന്നത്
ദളങ്ങളെന്തിനാണു
തേനിനെ ഉളളിലേക്കു വലിക്കുന്നത്‌
നദി കാട്ടരുവിയിലേക്കു
പോകുന്നത്‌
മഹാഗണി വിത്തിലേക്ക്‌
കവിത മഷിയിലേക്ക്‌
മഴത്തുള്ളി മേഘത്തിലേക്ക്‌.

ഈ മുറിയില്‍മാറാലകളില്ല.
എട്ടുകാലില്‍ആരും വരാനുമില്ല.
ഇങ്ങനെയമര്‍ത്തിപ്പിടിച്ചാല്‍
ചത്തുപോകും പൂമ്പാറ്റ.
ഈ ഉദ്യാനം
എല്ലാ നഗരങ്ങളെയും
പുറത്താക്കിയിരിക്കുന്നു.

Tuesday, April 1, 2008

തുന്നിക്കെട്ടിയവയോട്

ഇത്ര മുറുക്കികെട്ടിയാല്‍
പൊട്ടിപ്പോകും,തുളവീഴും
ഇത്രയമര്‍ത്തിയടച്ചാല്‍
മുറിയാകെയുലയും,പേടിച്ചുപോകും.
ഇടയ്ക്ക്‌
ചുണ്ടുകള്‍ തൂവിപ്പോകുമ്പോഴേക്കും
കാതില്‍ വെച്ചുതരുമോ?
ഇത്ര ചവിട്ടിപ്പിടിച്ചാല്‍
ഭൂമി പിളരും.
ഇടയ്ക്കു ചേര്‍ത്തുവെച്ച്‌
പകരുമോ,നീ, ഹൃദയത്തിന്‍ സമ്മര്‍ദ്ദ വേഗങ്ങള്‍.
ഇതുപോലെ തനിച്ചിരുന്നാല്‍
രാത്രിയാല്‍ മൂടിപോകും
പകലെല്ലാം മരുപ്പറമ്പാവും
നിന്നില്‍ മാത്രം സംഭവിച്ചു നിന്നാല്‍
ഞാനില്ലാതാവും.
വാക്കുകളടഞ്ഞു നീ
കവിതയിലകപ്പെട്ടു പോകും.
ഇടയ്ക്കു കൈത്തലമെങ്കിലും
ചുമലില്‍ വെക്കുമോ?
മറ്റെല്ലാം നിഷേധിച്ചാലും
അതുമാത്രമരുത്‌.
മറ്റെല്ലാം തന്നിട്ടും
അതുമാത്രമില്ലാതെ വേണ്ട.
ഇത്ര നിറഞ്ഞുനിന്നാല്‍
തുളുമ്പാന്‍ പോലും മറന്നുപോകും.
വക്കിലള്ളിപ്പിടിച്ച
ഒറ്റക്കുമിളക്കണ്ണായിപ്പോകും.
തുന്നിയടച്ച
ഇന്ദ്രിയങ്ങളെ തുറന്നോളാം.
പുണരുമ്പോഴേന്നെച്ചുറ്റി
വരിഞ്ഞേക്കണം,
ചുരുട്ടിയ മുഷ്ടികള്‍
നിവര്‍ത്തിയേക്കണം.