Sunday, June 29, 2008

ഒരിടത്ത്‌

ഒരിടത്ത്‌
ഒരിടവുമില്ലാതെ
രണ്ടുപേർ സ്നേഹിച്ചിരുന്നു.
സമയം പോലും
അവരോട്‌ മിണ്ടിയില്ല.
അതിലൊരാൾ മേഘങ്ങളിൽ നിന്നു വഴുതി
പലതവണ വീണു
മറ്റേയാളാകട്ടെ,
പൂർണ്ണചന്ദ്രനിൽ
ഒറ്റയ്ക്കായി.

ഒരിടത്ത്‌
ഒരന്തവുമില്ലാതെ
രണ്ടുപേർ സ്നേഹിച്ചിരുന്നു.
രാപകലുകൾ പോലും
അവരെ കണ്ടില്ലെന്നു നടിച്ചു
ഇളംകാറ്റ്‌
മറ്റെങ്ങോ വീശി.
മഞ്ഞും കുളിരും
എത്തിപ്പിടിക്കും മുമ്പേ
പോയി മറഞ്ഞു.
എന്നിട്ടും പണിതീരാത്ത
ആ ബസ്റ്റോപ്പിൽ
ഒരിക്കലും വരാത്ത ബസ്സും കാത്ത്‌
അതിലൊരിക്കലും സംഭവിക്കാത്ത
രണ്ടൊഴിഞ്ഞ സീറ്റും പ്രതീക്ഷിച്ച്‌
അവർ
ഒരിടത്ത്‌
ഒരിടവുമില്ലാതെ
സ്നേഹിച്ചു.

Wednesday, June 18, 2008

ഉത്സവപ്പറമ്പ്‌

നീ വരുമ്പോൾ
ഒരു കുട്ടി
ഉത്സവം കാണാൻ പോകുന്നു.
ഓല കൊണ്ടൊരു പീപ്പി
ഇടയ്ക്കു ബലൂൺ പൊട്ടിപ്പോയ സങ്കടം
ഒരു തോക്കുകിട്ടിയിരുന്നെങ്കിലെന്നു കലി.
മറ്റാരുമില്ലാതെ
നിന്നെ വിടാതെ ചേർത്തുപിടിച്ചു-
ല്ലാസസംഗീതമകമ്പടിയാവാൻ പൂതി
നീ വരുമ്പോൾ
ഒരു കുട്ടി
ഉത്സവപ്പറമ്പിലേക്കോടുന്നു.
ജിലേബി വാങ്ങാൻ കരുതലോടെ കൂട്ടിവെച്ച നാണയം
തൊപ്പിയിൽ വെച്ചടച്ച മുട്ട
പ്രാവായി പറക്കുന്നതുകണ്ട്‌ വാ പിളർന്നു.
നാടകം കണ്ടു കണ്ണീരൊപ്പുന്നൊരെ-
ന്നെനോക്കി ഇരുട്ടിൽ ചിരിയടക്കി നീ.
ഉത്സവപ്പറമ്പിൽ നിന്നു വാങ്ങിച്ചയോടക്കുഴൽ
നീ പോയ പിറ്റേന്ന്‌ മിണ്ടാതായി.
കച്ചവടക്കാരൻ പല പല ബലൂണിൽ
കാറ്റുനിറച്ചു ഞെരിപൊരി കിരികിരി
കൊള്ളിച്ചുണ്ടാക്കിയ കുരങ്ങൻ
കാട്ടിലേക്കൊളിച്ചോടിപ്പോയി.

അടുത്ത തവണ വരുമ്പോൾ ചോദിക്കണമവളോട്‌
ഉത്സവമെന്തേ പോയ്ക്കളയുന്നു നിന്റെ പിന്നാലെ.

Sunday, June 8, 2008

വേർപിരിഞ്ഞവന്റെ രാത്രി

ഗൾഫ്‌ ലേബർക്യാമ്പിലെ തൊഴിലാളിക്ക്‌

ആരാണു നീയെനിക്ക്‌?
ആത്മാവിന്റെ ഉദ്ധരിച്ച ഒററവിരലോ
നിന്റെ ഗർഭപാത്രത്തിലേക്കു
തിരിച്ചു പോകാനുളള ഒററയടിപ്പാതയോ?
ആരാണു നീയെനിക്ക്‌?
എപ്പോഴും ഉളളിലേക്ക്‌
തോറ്റു പിന്മടങ്ങി അതേ വേഗത്തിൽ മുന്നോട്ട്‌
മാംസനിർമ്മിതമായ
എന്റെ ഉറക്കറയെവിടെ?
ഞാൻ നിന്നെ തിന്നട്ടെ?
ചിരിച്ചു ചിരിച്ചു നീ നനഞ്ഞല്ലോ.
ഈ ചെക്കന്റെ ഒരു പരാക്രമം!
വിടല്ലേ,പ്ലീസ്‌ വിടല്ലേ
വിടൂ പ്ലീസ്‌ വിടൂ.
ആരാണു നീയെനിക്ക്‌.
എനിക്കൂ നീ ഒളിസങ്കേതം.
നിന്നെപ്പററി ഇങ്ങനെ വിചാരിച്ചില്ല.
നീയല്ലേ എന്നെ പുറത്തിട്ടത്‌
അകത്തേക്കുവിളിച്ചത്‌
മുത്ത്‌ ചെപ്പിനെയെന്നപോലെയടച്ചത്‌?
ഞാൻ നിന്നോട്‌ എന്തുദ്രോഹം ചെയ്തു
വിടൂ വിടൂ എന്നെവിടൂ
ഇത്‌ അതേ മുലപ്പാലുറവ
ഇത്‌അതേ ഉടൽഗന്ധം, എണ്ണകാച്ചിയ മണം.
ഞാൻ നിന്റെയാരാണ്‌
നീ എനിക്കാരാണ്‌
അഴിക്കുളളിലെ ഏകാന്തതടവുകാരൻ പുലമ്പുന്നു.
അടുത്ത തവണ വരുമ്പോൾ
നീ ആ വിയർപ്പിന്റെ ഉപ്പുപാടയുളള
അടിവസ്ത്രമെങ്കിലും തരൂ
കന്യകേ, മുഖത്തേക്കു
മൂത്രമെങ്കിലുമൊഴിക്കൂ
കുട്ടിയുടെ അമ്മേ,
ഒന്നു തിരിഞ്ഞെങ്കിലും നടക്കൂ
അഞ്ചുവിരലുകൾകൊണ്ട്‌
അവനെ കൊല്ലട്ടെ ഞാൻ

ഒററയ്ക്കൊരു ദ്വീപിൽ
രതികൂജനമില്ലാതെ
കുയിലുകൾപാടാതെ
മയിലുകൾ നൃത്തം ചെയ്യാതെ
നിലാവില്ലാതെ
ഒരു പൂപോലും വിരിയാതെ
നെഞ്ചിലമരും
വിജൃംഭിത വിങ്ങലില്ലാതെ
മഴയില്ലാതെ
മഞ്ഞില്ലാതെ
വർണ്ണങ്ങളില്ലാതെ
മണ്ണുമാത്രം തിന്നാൻതന്ന്‌
ജീവിതമോ
നീയെന്നെ തനിച്ചുറക്കി.