Sunday, June 29, 2008

ഒരിടത്ത്‌

ഒരിടത്ത്‌
ഒരിടവുമില്ലാതെ
രണ്ടുപേർ സ്നേഹിച്ചിരുന്നു.
സമയം പോലും
അവരോട്‌ മിണ്ടിയില്ല.
അതിലൊരാൾ മേഘങ്ങളിൽ നിന്നു വഴുതി
പലതവണ വീണു
മറ്റേയാളാകട്ടെ,
പൂർണ്ണചന്ദ്രനിൽ
ഒറ്റയ്ക്കായി.

ഒരിടത്ത്‌
ഒരന്തവുമില്ലാതെ
രണ്ടുപേർ സ്നേഹിച്ചിരുന്നു.
രാപകലുകൾ പോലും
അവരെ കണ്ടില്ലെന്നു നടിച്ചു
ഇളംകാറ്റ്‌
മറ്റെങ്ങോ വീശി.
മഞ്ഞും കുളിരും
എത്തിപ്പിടിക്കും മുമ്പേ
പോയി മറഞ്ഞു.
എന്നിട്ടും പണിതീരാത്ത
ആ ബസ്റ്റോപ്പിൽ
ഒരിക്കലും വരാത്ത ബസ്സും കാത്ത്‌
അതിലൊരിക്കലും സംഭവിക്കാത്ത
രണ്ടൊഴിഞ്ഞ സീറ്റും പ്രതീക്ഷിച്ച്‌
അവർ
ഒരിടത്ത്‌
ഒരിടവുമില്ലാതെ
സ്നേഹിച്ചു.

7 comments:

siva // ശിവ said...

ചന്ദ്രനില്‍ ഒറ്റയ്ക്ക് ആയിപ്പോയ ആ ആള്‍ ആവാന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു.

സസ്നേഹം,

ശിവ

ഗോപക്‌ യു ആര്‍ said...

a good poem[without a say]

ഏറനാടന്‍ said...

ഹൃദ്യം.

Jayasree Lakshmy Kumar said...

പരസ്പരം ഇടമാകുന്ന മനസ്സുകളേക്കാള്‍ വലിയ ഇടം ഏതാണ്? ഭാഗ്യം ചെയ്തവര്‍. വളരേ വളരേ ഇഷ്ടമായി വരികള്‍

Unknown said...

ആ സേനഹമാണ് മാഷെ യഥാര്‍ഥ്യാമായിട്ടുള്ളത്
മാഷെ

ഞാന്‍ ഇരിങ്ങല്‍ said...

സ്നേഹമെന്നും അങ്ങിനെ ആയിരിക്കണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്നാല്‍ നമുക്ക് എത്ര പേര്‍ക്ക് പറ്റും തിരിച്ചില്ലാത്ത സ്നേഹത്തെ സ്നേഹിക്കുവാന്‍>?

പണിതീരാത്ത ആ ബസ്റ്റോപ്പില്‍ ഒരിക്കലും വരാനിടയില്ലാത്ത ബസ്സില്‍ നമുക്കും കാത്തിരിക്കാം ഒഴിഞ്ഞ രണ്ട് സീറ്റിനായ്.

ഒരു പാട് കാര്യങ്ങള്‍ സ്നേഹം കൊണ്ട് പൊതിഞ്ഞു പിടിച്ചിരിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Joker said...

ആവര്‍ത്തനങ്ങള്‍

എഴുതാന്‍ വേണ്ടി എഴുതുന്നു എന്ന് തോന്നിപോകുന്നു താങ്കളുടെ ഈ വരികള്‍.മലയാള കവികള്‍ കുറച്ച് കാമുകകൂട്ടങ്ങളോ മദ്യാസക്തരോ ആയി മാറുന്നുവോ എന്ന് സംശയിക്കുന്നു.