Wednesday, June 18, 2008

ഉത്സവപ്പറമ്പ്‌

നീ വരുമ്പോൾ
ഒരു കുട്ടി
ഉത്സവം കാണാൻ പോകുന്നു.
ഓല കൊണ്ടൊരു പീപ്പി
ഇടയ്ക്കു ബലൂൺ പൊട്ടിപ്പോയ സങ്കടം
ഒരു തോക്കുകിട്ടിയിരുന്നെങ്കിലെന്നു കലി.
മറ്റാരുമില്ലാതെ
നിന്നെ വിടാതെ ചേർത്തുപിടിച്ചു-
ല്ലാസസംഗീതമകമ്പടിയാവാൻ പൂതി
നീ വരുമ്പോൾ
ഒരു കുട്ടി
ഉത്സവപ്പറമ്പിലേക്കോടുന്നു.
ജിലേബി വാങ്ങാൻ കരുതലോടെ കൂട്ടിവെച്ച നാണയം
തൊപ്പിയിൽ വെച്ചടച്ച മുട്ട
പ്രാവായി പറക്കുന്നതുകണ്ട്‌ വാ പിളർന്നു.
നാടകം കണ്ടു കണ്ണീരൊപ്പുന്നൊരെ-
ന്നെനോക്കി ഇരുട്ടിൽ ചിരിയടക്കി നീ.
ഉത്സവപ്പറമ്പിൽ നിന്നു വാങ്ങിച്ചയോടക്കുഴൽ
നീ പോയ പിറ്റേന്ന്‌ മിണ്ടാതായി.
കച്ചവടക്കാരൻ പല പല ബലൂണിൽ
കാറ്റുനിറച്ചു ഞെരിപൊരി കിരികിരി
കൊള്ളിച്ചുണ്ടാക്കിയ കുരങ്ങൻ
കാട്ടിലേക്കൊളിച്ചോടിപ്പോയി.

അടുത്ത തവണ വരുമ്പോൾ ചോദിക്കണമവളോട്‌
ഉത്സവമെന്തേ പോയ്ക്കളയുന്നു നിന്റെ പിന്നാലെ.

9 comments:

ഗോപക്‌ യു ആര്‍ said...

ഉത്സവങ്ങള്‍ കുട്ടികള്‍ക്കല്ലെ മാഷെ.....

കുട്ടനാടന്‍ said...

തൊപ്പിയിൽ വെച്ചടച്ച മുട്ട
പ്രാവായി പറക്കുന്നതുകണ്ട്‌ വാ പിളർന്നു.

മനസിന്റെ ചൂടിനെ ഇങ്ങനെയും ആവിഷകരിക്കാമോ
ഉത്സവങ്ങൾ നിന്നോടൊപ്പം അപ്രത്യക്ഷമാകുന്ന പ്രതിഭാസം.. അന്യം നിന്നും പോകുന്ന പലതിലേക്കും ഒരു ചൂണ്ടു പലക.

ഏറെ നന്നയി
സസ്നേഹം
മധു
മസ്കറ്റ്

CHANTHU said...

രസമായിരിക്കുന്നു. ലേഔട്ട്‌ മാറ്റിയതും നന്നായി.

കുഞ്ഞന്‍ said...

അന്യം നിന്നുപോകുന്ന കാഴ്ചകള്‍...!

ലളിതമായ ശൈലി...എനിക്കിഷ്ടായി.

സജീവ് കടവനാട് said...

നീ വരുമ്പോള്‍ ഉത്സവം കൂടെ വരുന്നു...

Unknown said...

ഉത്സവവും ആഘോഷവുമൊക്കെ ഒരു പ്രവാസിയെ സംബനദ്ധിച്ചിടത്തോളം എന്നും നഷടങ്ങളുടെ ഓര്‍മ്മയാണ്

തണല്‍ said...

നീ വരുമ്പോള്‍ ഉത്സവം കൂടെ വരുന്നു...
നിനക്ക് വിശക്കുമ്പോള്‍
എന്റെ വിരലുകള്‍ക്ക്
തീ പിടിക്കുന്നു...

നജൂസ്‌ said...

മനസ്സിലേക്കൊരു ശിങ്കാരിമേളത്തിന്റെ കൊട്ട്‌ തീപിടിച്ച്‌ കേറുന്നു

സുധീര്‍ said...

ആർക്കും വെന്ദത കന്നുകൽ എനിക്കും കലഞു പൊലും കിട്ടിയില്ലല്ലൊ?