Thursday, May 15, 2008

സ്വപ്ന സന്നിഭം

തിരയടിക്കുന്ന കടൽ പറയുമോ,അത്‌?
മുളപൊട്ടും വിത്ത്‌ പറയുമോ?
വിങ്ങുന്ന നെഞ്ചോ
കാത്തിരിപ്പിന്റെ തീക്കട്ടയോ
അത്‌ പറയുമോ?
കടലാസിൽ സൂക്ഷിച്ച നിന്റെ മുടിനാരോ,
നിന്നെ ഉമ്മവെക്കും മണമോ
നിന്റെ ഭാരം താങ്ങും ഉപ്പൂറ്റിയോ
അത്‌ പറയുമോ?
ഞാനോടിയെത്തുമ്പോഴെക്കും
നീ കൊയ്ത്ത്‌ കഴിഞ്ഞ പാടം
മൽസ്യമില്ലാത്ത പുഴ
കടലിന്റെ വെറും ഒരു അവയവം മാത്രം

എന്റെ ചതുര മുറി
ഞാൻ ഒരു കാടായി സങ്കൽപിക്കുന്നു.
പൈപ്പു വെള്ളം കുളിരരുവി
തുരുമ്പിച്ച ഫാനിന്റെ കാറ്റ്‌ കാട്ടുപാട്ട്‌
രണ്ട്‌ സ്വിച്ചുകളിലൊന്ന്‌ സൂര്യൻ
മറ്റൊന്ന്‌ ചന്ദ്രൻ
വഴിമുട്ടിയ വെളുത്തചുമരെന്റെ
ആകാശം
ജന്മത്തിന്റെ വാതിൽ തുറന്ന്‌
നീ വരുമ്പോൾ
എന്റെ കാട്‌ പൂക്കുന്നു
കാട്ടു തേനുണരുന്നു.

4 comments:

Vishnuprasad R (Elf) said...

നന്നായിട്ടുണ്ട് .

Anonymous said...

എന്തോന്നാ ഇത്.കവിതയെന്നുകരുതി എന്തും എഴുതാമോ?
കഥയൊക്കെ എഴുതി ഒരു മൂലയ്ക്കിരുന്നാ പോരേ?

Aluvavala said...

ഷിഹാബ്ക്ക..!
താങ്കളുടെ സ്ത്ഥിരം വായനക്കാരനാണ് ഞാന്‍...!
കവിതകള്‍ താങ്കളില്‍ തന്നെ കിടന്നു കറങ്ങുകയല്ലേ എന്ന സംശയം തോന്നിത്തുടങ്ങുന്നുണ്ട്...!

ഏറനാടന്‍ said...

പത്മരാജന്‍ പുരസ്കാരജേതാവായ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍...