Thursday, October 9, 2008

നിന്നെ

ഒരു കവിതയിലും
കാണാത്തത്‌ കൊണ്ട്‌
നിന്നെപ്പറ്റി എഴുതുന്നു ഞാൻ
ഒരു പാട്ടിലും
നീ ഇല്ലാത്തതുകൊണ്ട്‌
നിന്നെപ്പടിപാടുന്നു ഞാൻ
ഒരു ചിത്രത്തിലും
വരക്കപ്പെടാത്തതിനാൽ
ചിത്രമായെഴുതുന്നു നിന്നെ
ഒരരുവിയും
നിന്നെ അറിയാത്തതിനാൽ
മഴയായിപ്പെയ്യുന്നു ഞാൻ

എനിക്കു മുമ്പേ
ആരാലോ എഴുതിമായ്ച്ച കവിത
പാടിയ പാട്ട്‌
ചട്ടയാൽ ബന്ധിക്കപ്പെട്ടചിത്രം
എങ്ങോ ഒഴുകിപ്പോയ അരുവി
ഇതൊക്കെയാണെന്നറിഞ്ഞിട്ടും
കീറിപ്പോയ എന്റെ ഹൃദയത്തെ
സ്വയം ഊതി ആശ്വസിപ്പിക്കുന്നു ഞാൻ.

Wednesday, August 27, 2008

നിന്നോടുള്ളതിനെച്ചൊല്ലി

നിന്നോടുള്ളതിനെച്ചൊല്ലി
മരുഭൂമിയിൽചുടകാറ്റടിച്ചു
നിന്നോടെനിക്കുണ്ടായതിനെച്ചൊല്ലി
പെയ്യാതെ മേഘം പോയ്ക്കളഞ്ഞു
കാറ്റ്ഗതിഭ്രമത്താൽ
എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്തു
കുതിര ലായത്തിൽ മാത്രം അലയടിച്ചും.
നിന്നോടെനിക്കുണ്ടായതിനെച്ചൊല്ലി
പുഴയിൽ മഞ്ഞുറഞ്ഞു
വിളക്ക്‌ വെളിച്ചം മാത്രം തരാതെ
കത്തിപ്പടർന്നു
കനംതൂങ്ങി നിന്ന തേൻകൂട്ടിനടിയിലെ
ഉറ്റാറായ ഒരു തുള്ളി
ഗദ്ഗദത്തോടെ മടങ്ങിപ്പോയി
നിന്നോടെനിക്കുണ്ടായതിനെച്ചൊല്ലി
ചന്ദ്രനിൽ മഴ പെയ്തു
കവിത ഒരു പക്ഷിയായി
ദാഹത്തോടെ അങ്ങോട്ട്‌ പറന്നു.

Friday, August 15, 2008

കച്ചേരി

ഗാനാലാപനങ്ങൾക്കൊടുവിൽ
കരഘോഷങ്ങളവസാനിക്കുന്നു
എല്ലാവരും പിരിഞ്ഞുപോയിട്ടും
ബാക്കിനിൽക്കുന്നു നീ
ചിരിക്കുമ്പോൾ
ഇതേവരെ മീട്ടാത്ത
ഒരു വാദ്യോപകരണം
മെല്ലെ തൊടുന്നു
നിന്റെ കണ്ണുകൾ
ഝടുതിയിൽ എന്റെ ആത്മകഥ വായിക്കുന്നു

കരഘോഷങ്ങളെല്ലാം കഴിഞ്ഞു
ആസ്വാദകരെല്ലാം പിരിഞ്ഞു
നീയും ഞാനും മാത്രം ബാക്കി നിൽക്കുന്നു
അരങ്ങത്തുനിന്നു
ഞാൻ പറഞ്ഞു:
എനിക്കു കടന്നു പോകേണ്ട വഴിയറിയില്ല
ഈ ഗാനശാല
കാരാഗ്രഹം പുതുക്കിപ്പണിതത്‌
അടഞ്ഞ സെല്ലുകളിൽ
എന്റെ രാഗങ്ങൾ പണ്ടേ ബന്ധിതമായി
മോഹനം പാടിയപ്പോഴൊക്കെ
ഇടയിൽ ചാട്ടവാർ നടന്നുവന്നു
കനഡദർബാരിയെക്കൊണ്ട്‌ വീട്ടു പണിച്ചേയ്യിച്ചു
എന്റെ വീണക്കമ്പികൾകൊണ്ടു
തുണിയാറാൻ കമ്പിവലിച്ച്‌ കെട്ടി
എന്നിട്ടും
ഞാൻ കച്ചേരിയിൽ പാടിക്കൊണ്ടിരുന്നു
നീവരുമെന്ന്‌
എനിക്കറിയാമായിരുന്നു
ഈ കൊടും ചൂടിനെപ്പുണർന്നു
തണുപ്പിക്കുക
ലോകത്തിനു ഞാൻ
തണുത്ത എന്റെ ശരീരം നൽകും
എന്റെ ചൂടുമായി ആകാശസുരക്ഷയിൽ
ഒരു പക്ഷിയായ്‌ ഞാൻ വിശ്രമിക്കും
കണ്ണീർ മഴ പെയ്യാത്ത
വന്ധ്യ മേഘങ്ങളിൽ രാപാർക്കും
നിനക്കു​‍്‌ വേണ്ടി മാത്രം
ഞാൻ പാടും.