Friday, February 22, 2008

വിളക്കുപോലെ

മുള്‍ക്കിരീടത്തില്‍ നിന്നു പുരുഷമുഖത്തേയ്ക്കു
വാര്‍ന്നൊലിക്കും ചോരയായി നില്‍ക്കുമ്പോള്‍
മറിയമായി നിന്നെ കണ്ടു
കല്‍ത്തുറുങ്കില്‍
കിനാവെല്ലാം കല്ലിച്ചു നില്‍ക്കുമ്പോള്‍
ജനാലയായി നീ വന്നു


ഓര്‍മ്മയെ മൂടിപ്പോകും
ജന്തു വന്നു മാന്തിപ്പറിച്ചപ്പോഴും
ദിക്‍പക്ഷിയായി നീ വന്നു
പാറയില്‍ പ്രൊമിത്യൂസായി
വേദനിക്കാന്‍ നീ വന്നു

അന്ധന്റെ കൈയിലെ
റാന്തല്‍ വിളക്കുപോലെ
എന്നെ നിന്നെ ഏല്‍പ്പിച്ചതാരാണ്?

Sunday, February 17, 2008

ഒരിക്കല്‍

നദിയില്‍ തെറിച്ചുവീണ
ഒരു വിത്ത്‌
ഒഴുക്കിനോട്‌
നദിക്കര
അതിന്റെ ഗര്‍ഭപാത്രം തുറന്ന്‌
അമ്മയായി കാത്തുകിടക്കുന്നതിനോട്‌
എന്റെ സഞ്ചാരപഥങ്ങളില്‍
കൂട്ടുനില്‍ക്കും
അനിശ്ചിതത്വത്തിന്റെ
അജ്ഞാതമായ കരസ്പര്‍ശത്തോട്‌
പ്രാര്‍ത്ഥന


യാദൃച്ഛികതയുടെ ദൈവമേ,
ഞാന്‍ തളര്‍ന്ന്‌ മുങ്ങിയടിഞ്ഞുപോയാല്‍
നൂറ്റാണ്ടുകളായി കാത്തുവച്ച
ഈ ഗാഢചുംബനം
നീ അവളെ ഏല്‍പിക്കേണമേ

Saturday, February 9, 2008

ആ തീയതി


ആ തീയതി എന്നാവും
8?
18?
29?
നിന്നെ കാണുന്ന ദിവസം
എനിക്കറിയാം
അന്ന് നീയെന്റെ
കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ മാറ്റി
പുത്തന്‍ ഉടുപ്പ് ഇടുവിക്കും
സുഗന്ധലേപനങ്ങള്‍ പൂശും
പ്രാര്‍ത്ഥനാ നൂലാല്‍ ബന്ധിക്കും

ആ തീയതി എന്നാവും
22?
4?
31?
നിന്നെ കാണുന്ന ദിവസം
അന്ന് നീയെന്നെ
പാദശുശ്രൂഷ ചെയ്യും
മറിയമായി തൊടും
അഥീനയായി ചിരിക്കും
കന്യകയായ ജലമാവും
ദേഹത്തെ കറയില്ലാതാക്കും
കൂസലില്ലാത്ത വെളിച്ചമേതെന്ന്
കാട്ടിത്തരും
ക്രൂരസ്നേഹത്തിന്റെ
ബന്ധനങ്ങളഴിക്കും

ആ തീയതി എന്നാവും
14?
9?

അന്നു നീയെന്നെ
സാന്ദ്രമായ് ചേര്‍ത്തുപിടിക്കും
മറ്റാര്‍ക്കും കൊടുക്കാതെ
ഒരു നിധിയായി അമര്‍ത്തിപ്പിടിക്കും.