Saturday, December 29, 2007

നീ നോക്കുമ്പോള്‍

ജനാലയ്ക്കപ്പുറം
ഞാന്‍ എന്നെ കണ്ടു
ദൈവത്തിലേയ്ക്കു തുറന്നുപിടിച്ച
ഭിക്ഷാപാത്രവുമായി ഞാന്‍
കണ്ണുകളില്‍
കഴിഞ്ഞതുലാവര്‍ഷത്തിലെ
അമ്ലമഴയുണ്ടായിരുന്നു
അസ്തമിക്കാറായ
ആകാശമുണ്ടായിരുന്നു.

എന്റെ ഏകാന്തത
നാലുചുമരുകളെ
വളയായി അണിഞ്ഞിരിക്കുന്നു
നൂറ്റാണ്ടുകളായി കണ്ടിട്ടും
എനിക്കപരിചിതമായ
കെട്ടിടങ്ങള്‍ പോലെ
എന്റെ സ്നേഹം
എന്നെ നോക്കുന്നു

Tuesday, December 25, 2007

രണ്ടു നക്ഷത്രങ്ങള്‍

ഏറെക്കാലത്തിനു ശേഷം
ഞാന്‍ നിന്നെ കാണാന്‍ വന്നു
നീ ആകെ മാറിപ്പോയിരുന്നു
കൊയ്ത്തുകഴിയും മുന്‍പേ
ആരോ
വയലുകള്‍ മണ്ണിട്ടു മൂടിക്കളഞ്ഞു
അവസാന വേലിയേറ്റത്തിനു പോലും
അവസരം കൊടുക്കാതെ
പുഴയ്ക്കു കുറുകെ പാലം വന്നു
ഭൂഖണ്ഡങ്ങള്‍ മാറിപ്പോയിരുന്നു
കാലത്തിന്റെ ചാരക്കൂനയില്‍ നിന്നു
രണ്ടു നക്ഷ്ത്രങ്ങള്‍ മാത്രം
ഞാന്‍ കണ്ടെടുത്തു

Saturday, December 22, 2007

ഒളിഞ്ഞിരിപ്പ്

താരാട്ടിന്റെ താളം പിടിച്ചുറക്കി
ഈ അമ്മ
എങ്ങോട്ടാണു പോകുന്നത്?
ഇലകളെ ആകെ ഉമ്മവച്ചുണര്‍ത്തിയ
കാറ്റിനെ പിന്നെ കണ്ടതേയില്ല
കുട്ടിക്കാലത്തെ ഫോട്ടോയില്‍ നിന്ന്
എപ്പോഴാണു നീ മരിച്ചത്?
ഇപ്പോഴത്തെ നീ ജനിച്ചത്?
എനിക്കു നിന്നോടുള്ളത്
ഇത്രകാലം എവിടെയാണു
ക്ഷമയോടെ കാത്തിരുന്നത്?

Sunday, December 16, 2007

ഭാരം

നിനക്കുവേണ്ടി ഒഴിച്ചിട്ട പേജുകള്‍
എന്നെങ്കിലും സമുദ്രത്തില്‍ ദ്വീപായി ഉയരുമോ

അനാഥിയായ എത്രയൊ രാവുകള്‍
നമ്മളെക്കൂടാതെ കടന്നുപോയി.
അപരിചിതമായ എത്രയോ പകലുകള്‍
സായാഹ്നപ്പറവകളുടെ നിഴല്‍ വീഴ്ത്തി.
അലസമായി എന്നെ നോക്കുന്നതുപോലും
സഹിയാതെ
എന്റെ ഹൃദയം ചില നിമിഷങ്ങളോടെങ്കിലും
യാചിക്കുന്നു.
അനന്തമായ ഇരുള്‍ഗര്‍ത്തം കൊണ്ടു പണിത
ആ ചവറ്റുകൊട്ടയോടു പറയൂ,
എന്നെ മറവിയുടെ
ഒടുങ്ങാത്ത കാലങ്ങളിലേയ്ക്ക്
ആഞ്ഞു പുണരാന്‍
ഞാന്‍ കാത്തു നില്‍ക്കുന്നത്
മറ്റൊരാള്‍ക്കും
ഭൂമിയില്‍
ഇത്രഭാരം ചുമക്കാന്‍ കഴിയാത്തതിനാല്‍.

Tuesday, December 4, 2007

കൊണ്ടുവരേണ്ടത്

വരും ജന്മത്തില്‍
എന്താണു കൊണ്ടു വരേണ്ടത്.
എട്ടുദിക്കിലേയ്ക്കും
പായുന്ന കുതിരയോ
ഒരിക്കലും നിലാവസ്തമിക്കാത്ത
പെരുംകടലോ
ചിന്തയായി കയറി നില്‍ക്കും
മഹാമേരുവോ
കോരിയെടുക്കുംതോറുമേറുന്ന
കവിതയോ
അല്ലെങ്കില്‍ വേണ്ട,
പൂക്കള്‍ സ്വയം ചുറ്റി നടക്കുന്ന
ഉദ്യാനം കൊണ്ടു വരാം.
നിന്റെ ഗന്ധത്താല്‍ പിറന്ന പൂവ്
മറ്റു പൂക്കളെ നയിക്കും.