Saturday, December 29, 2007

നീ നോക്കുമ്പോള്‍

ജനാലയ്ക്കപ്പുറം
ഞാന്‍ എന്നെ കണ്ടു
ദൈവത്തിലേയ്ക്കു തുറന്നുപിടിച്ച
ഭിക്ഷാപാത്രവുമായി ഞാന്‍
കണ്ണുകളില്‍
കഴിഞ്ഞതുലാവര്‍ഷത്തിലെ
അമ്ലമഴയുണ്ടായിരുന്നു
അസ്തമിക്കാറായ
ആകാശമുണ്ടായിരുന്നു.

എന്റെ ഏകാന്തത
നാലുചുമരുകളെ
വളയായി അണിഞ്ഞിരിക്കുന്നു
നൂറ്റാണ്ടുകളായി കണ്ടിട്ടും
എനിക്കപരിചിതമായ
കെട്ടിടങ്ങള്‍ പോലെ
എന്റെ സ്നേഹം
എന്നെ നോക്കുന്നു

Tuesday, December 25, 2007

രണ്ടു നക്ഷത്രങ്ങള്‍

ഏറെക്കാലത്തിനു ശേഷം
ഞാന്‍ നിന്നെ കാണാന്‍ വന്നു
നീ ആകെ മാറിപ്പോയിരുന്നു
കൊയ്ത്തുകഴിയും മുന്‍പേ
ആരോ
വയലുകള്‍ മണ്ണിട്ടു മൂടിക്കളഞ്ഞു
അവസാന വേലിയേറ്റത്തിനു പോലും
അവസരം കൊടുക്കാതെ
പുഴയ്ക്കു കുറുകെ പാലം വന്നു
ഭൂഖണ്ഡങ്ങള്‍ മാറിപ്പോയിരുന്നു
കാലത്തിന്റെ ചാരക്കൂനയില്‍ നിന്നു
രണ്ടു നക്ഷ്ത്രങ്ങള്‍ മാത്രം
ഞാന്‍ കണ്ടെടുത്തു

Saturday, December 22, 2007

ഒളിഞ്ഞിരിപ്പ്

താരാട്ടിന്റെ താളം പിടിച്ചുറക്കി
ഈ അമ്മ
എങ്ങോട്ടാണു പോകുന്നത്?
ഇലകളെ ആകെ ഉമ്മവച്ചുണര്‍ത്തിയ
കാറ്റിനെ പിന്നെ കണ്ടതേയില്ല
കുട്ടിക്കാലത്തെ ഫോട്ടോയില്‍ നിന്ന്
എപ്പോഴാണു നീ മരിച്ചത്?
ഇപ്പോഴത്തെ നീ ജനിച്ചത്?
എനിക്കു നിന്നോടുള്ളത്
ഇത്രകാലം എവിടെയാണു
ക്ഷമയോടെ കാത്തിരുന്നത്?

Sunday, December 16, 2007

ഭാരം

നിനക്കുവേണ്ടി ഒഴിച്ചിട്ട പേജുകള്‍
എന്നെങ്കിലും സമുദ്രത്തില്‍ ദ്വീപായി ഉയരുമോ

അനാഥിയായ എത്രയൊ രാവുകള്‍
നമ്മളെക്കൂടാതെ കടന്നുപോയി.
അപരിചിതമായ എത്രയോ പകലുകള്‍
സായാഹ്നപ്പറവകളുടെ നിഴല്‍ വീഴ്ത്തി.
അലസമായി എന്നെ നോക്കുന്നതുപോലും
സഹിയാതെ
എന്റെ ഹൃദയം ചില നിമിഷങ്ങളോടെങ്കിലും
യാചിക്കുന്നു.
അനന്തമായ ഇരുള്‍ഗര്‍ത്തം കൊണ്ടു പണിത
ആ ചവറ്റുകൊട്ടയോടു പറയൂ,
എന്നെ മറവിയുടെ
ഒടുങ്ങാത്ത കാലങ്ങളിലേയ്ക്ക്
ആഞ്ഞു പുണരാന്‍
ഞാന്‍ കാത്തു നില്‍ക്കുന്നത്
മറ്റൊരാള്‍ക്കും
ഭൂമിയില്‍
ഇത്രഭാരം ചുമക്കാന്‍ കഴിയാത്തതിനാല്‍.

Tuesday, December 4, 2007

കൊണ്ടുവരേണ്ടത്

വരും ജന്മത്തില്‍
എന്താണു കൊണ്ടു വരേണ്ടത്.
എട്ടുദിക്കിലേയ്ക്കും
പായുന്ന കുതിരയോ
ഒരിക്കലും നിലാവസ്തമിക്കാത്ത
പെരുംകടലോ
ചിന്തയായി കയറി നില്‍ക്കും
മഹാമേരുവോ
കോരിയെടുക്കുംതോറുമേറുന്ന
കവിതയോ
അല്ലെങ്കില്‍ വേണ്ട,
പൂക്കള്‍ സ്വയം ചുറ്റി നടക്കുന്ന
ഉദ്യാനം കൊണ്ടു വരാം.
നിന്റെ ഗന്ധത്താല്‍ പിറന്ന പൂവ്
മറ്റു പൂക്കളെ നയിക്കും.

Thursday, November 29, 2007

ദൂരെ ഒരു പൂവ്

ഞാനിപ്പോള്‍
ദൂരത്തെ സ്നേഹിക്കുന്നു
സ്വപനങ്ങളുടെ ഒരു ഇതളിനെപ്പോലും
അത് മുള്ളുകൊണ്ട് തൊടില്ല
സ്നേഹത്തിന്റെ
ചില്ലുപാത്രം
അതു പൊട്ടിക്കില്ല
അബദ്ധത്തില്‍ കൂട്ടിയിടിച്ച്
തല നോവില്ല
സുബദ്ധത്തെ
അതെപ്പോഴും നട്ടു നനയ്ക്കും
ഗന്ധമില്ലെങ്കിലും
അവയിലെ പൂക്കള്‍
അതി മനോഹരമായിരിക്കും

Sunday, November 25, 2007

അന്യ

രാത്രി
നീ
ഇരുട്ടിന്റെ സമുദ്രത്തില്‍
ഭൂമിയെ മുക്കിക്കളയുമ്പോള്‍
ഒന്നു തുഴയാന്‍ പോലും കിട്ടാതെ
ഒന്നു തൊടാന്‍ പോലും തരാതെ
നീ
ദൈവത്തിന്റെ
കൊട്ടാരം മജീഷ്യയാവുന്നു

Tuesday, November 20, 2007

നീ പറഞ്ഞാല്‍

നീ പറഞ്ഞാല്‍
കവിതയില്ലാതെങ്ങനെ
നീ നോക്കുമ്പോള്‍
ഹൃദയമില്ലാതെങ്ങനെ

തമ്മില്‍ കാണുമ്പോള്‍
കടലിരമ്പമില്ലാതെങ്ങനെ
പിരിയുമ്പോള്‍
ഉള്ള് മുറിയാതെങ്ങനെ

നീ തുറക്കുന്നത്
മിഴിയല്ല, കണ്‍‌പീലിയല്ല
എന്റെയുള്ളിലെ
പനിനീര്‍ തടാകം

നിന്നില്‍ ഞാനും
എന്നില്‍ നീയും
മുങ്ങിപ്പോകാതെ
അള്ളിപ്പിടിച്ചിരിക്കുന്നു
ഉത്തരം കിട്ടാച്ചോദ്യം
ഒട്ടിച്ചുച്ചേര്‍ത്ത ഒരു തടിക്കഷ്ണം

നീ പറഞ്ഞാല്‍
കവിതയില്ലാതെങ്ങനെ
നീ നോക്കുമ്പോള്‍
കവിതയില്‍ വീണുപോകാതെങ്ങനെ?

Friday, November 16, 2007

ജലകന്യക

നീ ഒരു ജലകന്യക
മുങ്ങിത്താവുമ്പോള്‍
ഞാന്‍ നോക്കിയ
തോട്ടത്തില്‍
നമ്മള്‍ ജലക്രീഡരായി
നീ സ്പര്‍ശിച്ചപ്പോള്‍
ഞാന്‍ ഉഭയജീവിയായി
പിന്നെ നമ്മള്‍ പൊയ്ക വിട്ട്
കടലിന്റെ താഴ്വരയിലെ
നിന്റെ കൊട്ടാരത്തിലേയ്ക്കു പോയി

Sunday, November 11, 2007

ഒരു നാള്‍

നിന്റെ വാക്കുകളുടെ വാതിലിനെ
ചുംബിക്കാ‍ന്‍
എന്റെ കാഴ്ചയുടെ ദൂതനെത്തും
എന്റെ ചുട്ടു പഴുത്ത പ്രണയ സന്ദേശങ്ങള്‍
നിന്റെ സ്നേഹലായിനിയില്‍ ശമിക്കും
വാക്കു മുട്ടിത്തുറന്ന
കാവ്യനദിയൊക്കെ
ആ‍കാശഗംഗയില്‍ ലയിക്കും
എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം ഭൂമിയില്‍
വേറെ വാക്കിനെ സൃഷ്ടിക്കും
സ്ത്രീ കുളിച്ച ഗന്ധത്തില്‍
നീ വരും

Tuesday, November 6, 2007

വാക്കുകളുടെ ധ്യാനം

കൂടിച്ചേര്‍ന്ന രണ്ടുകവിതകള്‍
തീര്‍ച്ചയായും
ഈ പ്രപഞ്ചത്തിന്റെ
അനാദിയാണ്
നിശ്ശബ്ദതയുടെ രഹസ്യത്തിലേയ്ക്ക്
ഒരു ഇല കൊഴിഞ്ഞതിന്റെ
ലഘുത്വത്തിലേയ്ക്ക്
കാലം ഒരു പൂന്തോട്ടം പടര്‍ത്തി
സ്വയം വൃത്തീകരിക്കുന്ന
തൂപ്പുകാരില്ലാത്ത
ആ കൊട്ടാരം
വാക്കുകളുടെ ആകാശച്ചെരുവില്‍
ധ്യാനം പൂണ്ടു നില്‍ക്കുന്നു

Saturday, November 3, 2007

അപ്പോള്‍

കാട്ടില്‍
ഞാന്‍ നിന്നെ
തിരഞ്ഞു തിരഞ്ഞപ്രത്യക്ഷമായി
കാട്ടുപൊയ്കയില്‍
ഒളിഞ്ഞിരിക്കും
ആ മുയലുകള്‍
ഓടിയോടി തേഞ്ഞില്ലാതെയായി
ഇലകളില്‍ നിന്നു
ചികഞ്ഞ് ചികഞ്ഞ് തൂര്‍ന്നുപോയി പൂക്കള്‍
പുഴയില്‍ മുങ്ങിയില്ലാതെയായി
ജലക്കുമ്പിള്‍

Tuesday, October 30, 2007

തടവറ

അപൂര്‍ണ്ണമായി അവസാനിച്ച
ഒരു ഗാനം
നിറം തീര്‍ന്നുപോയ
ഒരു ചിത്രകാരന്‍
കവിയ്ക്കു മുന്നില്‍
വാക്കിന്റെ പാറവന്നടഞ്ഞ
ആകാശം
തടവറയ്ക്കുള്ളിലെ
നമ്മുടെ പൂന്തോട്ടം
കണ്ണീരു കൊണ്ട്
നനയ്ക്കട്ടെ ഞാന്‍

Sunday, October 28, 2007

നിഴല്

കിണറിന്റെ
കലങ്ങിയ ആഴത്തില്‍ വീണുപോയ
വിലപിടിച്ചതെന്തോ
അവസാനവണ്ടിയും പോയ്ക്കഴിഞ്ഞ
നിരാലംബനായ
യാത്രക്കാരനോ
ഗാഢാലിംഗനം തടസ്സപ്പെടുത്തി
വാതില്‍ വിളിച്ച ഖേദമെന്തോ
നിന്നെ കാത്തിരിക്കുന്ന
ഞാനല്ലാതെ മറ്റെന്താണത്?

വരുമെന്നറിയാം നീ
പക്ഷേ ഏതു തുറമുഖത്ത്?
വിമാനത്താവളം?
ബസ്‌സ്റ്റേഷന്‍, കടവ്?
ഉള്ളിലിരുന്നു വിങ്ങിപ്പൊട്ടും
കുഞ്ഞിനെത്തലോടാന്‍
ഞാന്‍ പറയുന്ന വാക്കുകള്‍
ചിരിപ്പിക്കാനുള്ള ഗോഷ്ടികള്‍
എല്ലാം
മുണ്ഡനം ചെയ്യപ്പെട്ടവന്‍ നോക്കിനില്‍ക്കുന്ന
ശൂന്യവും
അനന്തഖേദിതവുമായ
തണുത്തുറഞ്ഞപ്രതിമകളാകുന്നു.
അതിന്റെ നിറങ്ങളുരിച്ചു കളഞ്ഞ
കൈകാല്‍ക്കഷ്ണങ്ങളാകുന്നു.

നൂറ്റാണ്ടുകളായി കാത്തുവെച്ചത്

എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം
വേറെ വാക്കിനെ സൃഷ്ടിക്കും.